Monday 29-Apr-2024

ക്രൂശാനുഭവം രുപപ്പെടുത്തുന്ന രക്ഷ-ദൗത്യ ബോധ്യതകള്‍ : റവ.മാര്‍ക്ക് ഡി.ചാപ്പ്മാന്‍

മിഷനറി യോഗം
 

ഗലാത്യര്‍ : 5: 16-24


 സഭയ്ക്ക് വിശുദ്ധനായ പൗലോസ് ഒരു മനുഷ്യന്‍ കൂടിയാണ്. പൗലോസിന്റെ ലേഖനങ്ങള്‍ സുവിശേഷത്തിന്റെ ശക്തമായ പ്രേരണകളെയും, അധികാരത്തെയും വ്യക്തമാക്കി തരുന്നുണ്ട്. ക്രിസ്തീയ ദൗത്യത്തിന്റെ കേന്ദ്രബിന്ദു യേശുക്രിസ്തുവിന്റെ ക്രൂശാണ്. ഈ ക്രൂശിലാണ് സുവിശേഷത്തിന്റെ തീക്ഷ്ണത കാണുവാന്‍ സാധിക്കുന്നത്. പൗലോസ്, തന്റെ ദൗത്യ ജീവിതത്തില്‍ തന്നെ രക്ഷിച്ച ക്രിസ്തുവിനെയും അവന്റെ ക്രൂശാനുഭവങ്ങളെയും തന്റെ ജീവിതത്തോട് ചേര്‍ത്ത് വെയ്ക്കുന്നു. 
അത് പൗലോസിന് നല്‍കുന്ന സുവിശേഷ വീക്ഷണം അദ്ദേഹം തന്റെ ലേഖനങ്ങളില്‍ ശക്തമായ  ഭാഷയിലൂടെ ഉപയോഗിക്കുന്നു. ഗലാത്യര്‍ 3:-ന്റെ ആരംഭത്തില്‍ \'\'ഹാ ബുദ്ധിയില്ലാത്ത ഗലാത്യരെ........\'\' എന്ന് പറഞ്ഞു തുടങ്ങുന്ന പൗലോസ് വ്യക്തമാക്കുന്നത് ക്രിസ്തുവിന്റെ ക്രൂശിന് അല്ലാതെ മറ്റൊന്നിനും രക്ഷ നല്‍കുവാന്‍ സാധിക്കുകയില്ലെന്നതാണ്. സുവിശേഷ ദൗത്യത്തെ ജീവിതത്തില്‍ വഹിക്കുന്നവരായ നാം ആയതിലൂടെയെല്ലാം നാം ഓരോരുത്തരും യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തോട് ഏകീഭവിക്കുകയാണ്.
ക്രിസ്തു നമ്മില്‍ ജീവിക്കുന്നുവെന്ന ഓര്‍മ്മയെ നാം ശക്തീകരിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി നമ്മുടെ ജീവിതത്തെ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഇതിലൂടെ  രക്ഷയുടെ മര്‍മ്മത്തെ സ്വാംശീകരിക്കുവാന്‍ നമുക്ക് കഴിയണം. ക്രൂശിന്റെ ശക്തിയും ക്രൂശിലെ വിജയവും  നമ്മുടെ ഭാഗമായി തീരുന്നു. ഈ അനുഭവ ബോദ്ധ്യങ്ങളെ നമ്മെ ക്രിസ്തുവിന്റെ ദൗത്യത്തിലേക്ക് ക്ഷണിക്കുന്നതാണ്. ഈ ദൗത്യം ക്രിസ്തുവിലൂടെയുള്ള സ്വാതന്ത്ര്യവും ദൈവത്തിന്റെ വലിയ ദാനങ്ങളെ പങ്കുവെയ്ക്കുവാനും നമ്മെ സജ്ജരാക്കുന്നു.
യേശുക്രിസ്തു നമുക്കു വേണ്ടി കുരിശില്‍ മരിച്ചതിലൂടെ പൗലോസ് അര്‍ത്ഥമാക്കുന്നത് ക്രൂശിലെ മരണം പാപത്തിന്റെ എല്ലാ ശക്തിയെയും കീഴടക്കി എന്നതിനെയാണ്. രക്ഷയുടെ സ്വാധീനം എവിടെയും ചുരുക്കപ്പെടുന്നില്ലെന്നും , അത് ഇന്നും ലഭ്യമായിക്കൊണ്ടിരിക്കുന്നുവെന്നും ക്രൂശ് നമുക്ക് വ്യക്തമാക്കുന്നു. ഇപ്രകാരം സവിശേഷമായ രക്ഷയെ ലോകത്തിന് പങ്കുവെയ്ക്കുവാന്‍ നമുക്ക് സാധിക്കണം.
ദൗത്യമേഖലകളില്‍, ദൈവകൃപയില്‍ ആശ്രയിക്കുകയെന്നുള്ളത് യേശുവിന്റെ ക്രൂശീകരിണത്തില്‍ ആശ്രയിക്കുകയെന്നതായി നാം മനസ്സിലാക്കണം. ഗത്സമനയില്‍ യേശുവിന്റെ പ്രാര്‍ത്ഥന അത് വ്യക്തമാക്കുന്നു. യെഹൂദാ പാരമ്പര്യത്തിലെ അപമാനകരമായ ക്രൂശിലെ മരണം സകലര്‍ക്കും രക്ഷയ്ക്കുള്ള കാരണമായി തീരുന്നു. ത്യജിക്കുന്ന അനുഭവം നമ്മുടെ ദൗത്യത്തില്‍ ദൈവം പ്രതീക്ഷിക്കുന്നു. ഫിലിപ്പിയര്‍ 2-ല്‍ സ്വയം ത്യജിച്ച് ദാസരൂപമെടുത്ത യേശുക്രിസ്തുവിന്റെ ദൗത്യമാനങ്ങള്‍ സ്വയം ശൂന്യവത്കരിക്കുന്നതിന്റെയാണ്. ഇപ്രകാരമുള്ള ദൗത്യവീഥികളില്‍ ദൈവത്തിന് ലോകത്തെ പുനരാവിഷ്‌ക്കരിക്കുവാന്‍ സാധിക്കുന്നു. ദൈവത്തെപ്പോലെയാകുവാന്‍ ശ്രമിച്ച ആദാമിന്റെ അനുസരണക്കേടിന് മുമ്പില്‍ രണ്ടാം ആദാമായ യേശുക്രിസ്തു വ്യക്തമാക്കി തരുന്നത് സമ്പൂര്‍ണ്ണ അനുസരണത്തിന്റെ ബദല്‍ സംസ്‌ക്കാരത്തെയാണ്. ഈ ബദല്‍ സംസ്‌ക്കാരം വിമോചനത്തെ പ്രഖ്യാപിക്കുന്നു. ഈ വിമോചനം, സ്വാതന്ത്ര്യം, നമുക്ക് മുമ്പില്‍ വെയ്ക്കുന്ന യാഥാര്‍ത്ഥ്യബോധം, യേശുക്രിസ്തുവില്‍ നാം എല്ലാവരും ഒന്നാണെന്നതാണ്. യേശുക്രിസ്തുവിന്റെ ക്രൂശാനുഭവത്തിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പുതിയ ആളത്വം, നാമെല്ലാവരും സുവിശേഷത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നതിനെ മനസ്സിലാക്കിത്തരുന്നു. ദൗത്യത്തതിന് വേണ്ടിയുള്ള വിളിയില്‍ സുവിശേഷം നമുക്ക് നല്‍കുന്ന ജീവിത രീതിയെയും മനസ്സിലാക്കണം. അത് ദൈവത്തിന്റെ സ്‌നേഹ വെളിച്ചത്തില്‍ ഉള്ളള സംസ്‌ക്കാരമാണ്. പൗലോസ് വ്യക്തമാക്കുന്നു, എല്ലാ ന്യായപ്രമാണത്തിന്റെയും അടിസ്ഥാനം സ്‌നേഹമെന്ന്. സ്‌നേഹത്തില്‍ നിലനില്‍ക്കേണ്ടത് ദൈവത്തിന്റെ പരിശുദ്ധാത്മവിലൂടെയാണ്. 
സുവിശേഷ ദൗത്യത്തില്‍ ജഡികമായ ജീവിതം പിന്നിലേക്ക് വലിക്കുന്നതാണ്. പിന്നിലേക്കുള്ള നോട്ടം, ക്രിസ്തു ദര്‍ശനത്തിലേക്കുള്ള യാത്രയില്‍ നിന്ന് നമ്മെ പിന്മാറ്റുന്നതാണ്. ആത്മാവിലുള്ള ജീവിതം എന്നത് നമ്മുടെ സ്‌നേഹത്തെ അപരന്റെ ഇടങ്ങങളിലേക്ക് എത്തിക്കുന്നതാണ്. അപരനെ സ്‌നേഹിക്കുവാന്‍ നാം മറന്നു പോകുന്നത്, നമുക്ക് മുമ്പിലുള്ളള പരീക്ഷണങ്ങളുടെ സൂചനയാണ്. പല ആസക്തികളിലേക്കും നാം എത്തപ്പെട്ടുവെന്നതിന്റെയും സൂചനയാണ്. ഇത് ദുഷ്‌ക്കരമാണ്. 
ദൗത്യജീവിതത്തില്‍ നമ്മുടെ ശ്രദ്ധ ദൈവ കേന്ദ്രീകൃതമാകുമ്പോള്‍ ജഡത്തിന്റെ പ്രസക്തിയില്ലാതാകുന്നു. ജഡത്തിന്റെ പ്രവൃത്തികള്‍ക്ക് എല്ലാം ലോകത്തിന്റെ ഭാഗമാണ്. എന്നാല്‍ ദൈവവവുമായിട്ടുള്ള സംസര്‍ഗ്ഗത്തില്‍ നാം പ്രവേശിക്കുമ്പോള്‍ എത്തപ്പെടുന്നത് ദൈവത്താല്‍ നയിക്കപ്പെടുന്ന ദൗത്യമേഖലകളിലേക്കാണ്. സുവിശേഷ ദൗത്യം ആധികാരികമാകുന്നത്, ജഡത്തെ  അതിന്റെ രാഗമോഹങ്ങങളോടുകൂടി ക്രൂശിക്കുന്നതിലൂടെയാണ്. ഇത് നമുക്ക് മുന്‍പില്‍ സാധ്യമാക്കുന്നത് പുതുജീവിത അനുഭവങ്ങളെയാണ്. നമ്മുടെ ദൗത്യം അനുരജ്ഞനത്തിന്റെയും പ്രാര്‍ത്ഥനയുടേതുമാണ്.
ദൗത്യമേഖലകളില്‍ നിരന്തരം ക്രിസ്തുവിന്റെ ക്രൂശിലേക്ക നോക്കുക, ക്രിസ്തുവിന്റെ ക്രൂശനുഭവം നിരന്തരം നമ്മില്‍ നിലകൊള്ളണം. ആയതിലൂടെ യേശുവിന്റെ ചൂടടയാളത്തെ നമുക്ക് സ്വീകരിക്കാം.
നിരാശയുടെ അനുഭവം ദൈവം ആഗ്രഹിക്കുന്നില്ല. നിരന്തരം സ്തുതിയുടെ ശബ്ദം നമ്മില്‍ നിന്നും ഉയരണം. ഈ അനുഭവം ക്രിസ്തു സ്‌നേഹത്തിന്റെ തികവില്‍ സാധ്യമാകുന്നതാണ്. നമുക്ക് മുന്നില്‍ വെക്കുന്നത് രക്ഷയുടെയും സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും അനുഭവ ബോധ്യങ്ങളാണ്. ഈ ബോധ്യങ്ങള്‍ പരിധികളില്ലാതെ ദൈവീക ദൗത്യങ്ങളിലേക്ക് പ്രവേശിക്കുവാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു.



തയ്യാറാക്കിയത്
ജസ്റ്റിന്‍ എ തോമസ്
ക്രിസ്റ്റി കെ സന്തോഷ് 

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited