Sunday 28-Apr-2024

കേരളത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കേണ്ടത് അനിവാര്യമാണ് : ഡോ.ശശി തരൂര്‍ എംപി

യുവവേദി


കുടിയേറ്റമെന്നാല്‍ യഥാര്‍ത്ഥ്യത്തെ കൃത്യമായി വിചിന്തനം ചെയ്യുവാന്‍ ശ്രമിച്ചാല്‍ തൊഴിലില്ലായ്മ കൊണ്ടുളവായ കുടിയേറ്റങ്ങളുടെ കണക്കുകള്‍ അതിഭീകരമാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ കാലഘട്ടത്തില്‍ കുടിയേറ്റം വിമര്‍ശന വിധേയമാക്കുന്നത് സ്വീകാര്യമല്ല, മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും, ജോലി കണ്ടെത്തുവാന്‍ ഈ നാട്ടിലെ യുവജനങ്ങള്‍ക്ക് സാധ്യമാകുന്നില്ല. അരലക്ഷം കുട്ടികള്‍ കേരളം വിട്ട് ഓരോ വര്‍ഷവും വിവിധ ഇടങ്ങളിലേക്ക് കുടിയേറുന്നു. വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റങ്ങള്‍ ഈ സംസ്ഥാനത്തിന്റെ മനുഷ്യ വിഭവത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല.
ഒരു കാലത്ത് ഗള്‍ഫ് മേഖലയെ ആശ്രയിച്ചിരുന്ന കേരളത്തിന്റെ ജിഡിപി നിരക്ക് കോവിഡ് കാലത്തിന് ശേഷം വലിയ രീതിയില്‍ ഇടിവിന് വിധേയമായി. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തൊഴില്‍ രഹിതരായി അനേകര്‍ മടങ്ങി വന്നത് കടുത്ത സാമ്പത്തീക പ്രതിസന്ധിക്ക് വഴിയൊരുക്കി. മികച്ച ജീവിത നിലവാരത്തിന് വേണ്ടി കുടിയേറ്റം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നേരെ മറിച്ച് കേരളത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കേണ്ടത് അനിവാര്യമാണ്. ഒരു കാലത്ത് വിദേശ പഠനം നിര്‍വ്വഹിച്ച സ്വാതന്ത്ര്യ സമര സേനാനികള്‍ തിരികെ സ്വദേശത്തേക്ക് മടങ്ങി വന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചത് അനുകരണീയമായ മാതൃകയാണ്.
വിവിധ രാജ്യങ്ങള്‍ വിദേശികളെ സ്വീകരിക്കുന്നതില്‍ സന്ദേഹിക്കുന്നതായി കാണുവാന്‍ കഴിയും. ഇക്കാലത്ത് ഒട്ടും ആതിഥ്യമില്ലാത്ത രാജ്യങ്ങളിലേക്ക് കടന്നു ചെല്ലുന്നത് പരിശോധിക്കണം. വിദേശത്തായിരിക്കുന്നവര്‍ക്കായി പ്രത്യാശയുടെ രാഷ്ട്രീയം രൂപപ്പെടുത്തുവാന്‍ നമുക്ക് സാധിക്കണം. ഈ പ്രത്യാശയുടെ രാഷ്ട്രീയം യുവാക്കളെ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കണം. അതുവഴി സംസ്ഥാനത്തിന്റെ പുരോഗതി സാദ്ധ്യമാകണം.
ദീര്‍ഘവീക്ഷണത്തോടു കൂടി ഒരു ഉന്നത വിദ്യാഭ്യാസ സമിതി രൂപപ്പെടുത്തി, മികവാര്‍ന്ന പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. വര്‍ദ്ധിച്ചു വരുന്ന സാങ്കേതീക സാമൂഹിക, നിര്‍മ്മിത ബുദ്ധിയുടെ ലോകത്ത് കുട്ടികളെ മാറ്റങ്ങള്‍ക്കായി സജ്ജരാക്കുന്ന പാഠ്യപദ്ധതി കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. എന്ത് ചിന്തിക്കണമെന്നതിനെക്കാള്‍ എങ്ങനെ ചിന്തിക്കണമെന്നത് വളര്‍ന്നുവരുന്ന തലമുറയെ പഠിപ്പിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പരസ്പരം സഹകരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഒരുക്കുന്ന പാഠ്യപദ്ധതികള്‍ വിദ്യാഭ്യാസ മേഖലയെ സമ്പുഷ്ടമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാരം ഉയര്‍ത്തണമെങ്കില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ ഭരണസമിതികള്‍ ഉണ്ടാകണം. രാഷ്ട്രീയ കടന്നുകയറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഒഴിവാക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ചിന്തകളും കഴിവുകളും പ്രകടമാക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ നാം ഉപയോഗിക്കണം.
തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നമുക്ക് ശ്രമിക്കണം. ഐ.ടി ഇലക്ട്രിക്ക് മൊബിലിറ്റി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തണം. ലഭ്യമായ വിഭവങ്ങള്‍ കയറ്റുമതിക്ക് ഒതുങ്ങുന്ന തലത്തില്‍ അസംസ്‌കൃത വസ്തുക്കളെ ഉത്പന്നമായി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. മികച്ച മൂല്യം ലഭിക്കുന്ന വിഭവങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിന് മുന്‍കൈയ്യെടുക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. തൊഴില്‍ അന്വേഷകരായ സ്ത്രീകള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് സ്ത്രീ സൗഹൃദ തൊഴില്‍ ഇടങ്ങള്‍ക്ക് രൂപം നല്‍കണം. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വ്യവസായിക പദ്ധതികള്‍ സൃഷ്ടിക്കപ്പെടണം. 
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം പല കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അതിനെ വളര്‍ത്തേണ്ടതും, പരിപോഷിപ്പിക്കേണ്ടതും, യുവജനങ്ങളുടെ ആവശ്യമാണ്. നമ്മുടെ അഭിമാനത്തെക്കുറിച്ചെല്ലാം വള്ളത്തോള്‍ ഇങ്ങനെ കുറിച്ചത് \'\'ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പില്‍\'\'.

തയ്യാറാക്കിയത് 
ജെബിന്‍ വിനോദ് തോമസ്
ജിതിന്‍ രാജു

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited