130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച മുതല്‍
കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ 16 ഞായറാഴ്ച വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച 2.30 ന് സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സഭയിലെ അഭിവന്ദ്യ തിരുമേനിമാരെ കൂടാതെ വിവിധ സഭകളുടെ മേല്‍പ്പട്ടക്കാരും പ്രസംഗിക്കും.
അഖില ലോക സഭാ കൗണ്‍സില്‍ (WCC) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവരാണ് മുഖ്യ പ്രസംഗകര്‍.
തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.30 നുള്ള ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.പ്രൊഫ. ഡോ. ജെറി പിള്ളൈയും ബുധന്‍ മുതല്‍ ശനി വരെ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.ഏ.റ്റി.സഖറിയായും നേതൃത്വം നല്‍കും. രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2.30 ന് കുടുംബവേദി യോഗങ്ങള്‍ക്ക് പ്രമുഖ ഫാമിലി കൗണ്‍സിലര്‍മാരായ ശ്രീമതി റീനാ ജോണ്‍, ഡോ. സിജിയ ബിനു എന്നിവര്‍ നേതൃത്വം നല്‍കും. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 9.30 ന് നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തിന് അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നല്‍കും. വിവിധ സഭകളിലെ മേല്‍പട്ടക്കാരും സംബന്ധിക്കും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ സന്ദേശം നല്‍കും. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക മീറ്റിംഗില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞും 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി യോഗവും നടക്കും. സേവികാസംഘ യോഗത്തില്‍ ശ്രീമതി ആനി ജൂലാ തോമസ് ഐ.എ.എസ്. മുഖ്യസന്ദേശം നല്‍കും.
എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളില്‍ മോസ്റ്റ് റവ. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ശ്രീ. ജോണി ടോം വര്‍ഗ്ഗീസ് ഐ.എ.എസ്., ശ്രീ. ജോര്‍ജ്ജ് പുളിക്കന്‍ എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.
ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി & മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും.
സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7.30 ന് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ശനിയാഴ്ച രാവിലെ 7.30 ന് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളത് കോഴഞ്ചേരി സെന്റ്‌തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. 16-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളില്‍ വച്ച് വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച് കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ക്രമീകരണം ചെയ്യുന്നത്. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലിന്റെ പണി ഫെബ്രുവരി 5 ബുധനാഴ്ച പൂര്‍ത്തിയാകും. കണ്‍വന്‍ഷന്റെ കുട്ടിപ്പന്തലും ഇടവകയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. സഭയുടേയും സുവിശേഷസംഘത്തിന്റേയും സഭയിലെ അനുഗ്രഹീത സംഘടനകളുടേയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണല്‍പ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിന്റെ മിഷന്‍ ഫീല്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന എക്‌സിബിഷനും ക്രമീകരിക്കുന്നുണ്ട്. 101 ഗാനങ്ങള്‍ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. ഉടങഇ യുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പാലം പണിയും പൂര്‍ത്തിയായി.
മാരാമണ്‍ കണ്‍വന്‍ഷന്റെ ആവശ്യത്തിലേക്ക് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി പ്രത്യേകം ബസുകള്‍ സ്‌പെഷ്യല്‍ സര്‍വീസായി നടത്തുന്നതാണ്.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.